കണ്ണൂർ : കൊളംബോയിൽ നടന്ന 37-ാമത് ലോക യോഗാ കപ്പിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് സ്വർണ്ണമെഡൽ നേട്ടം. പിണറായി എ.കെ.ജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സ്നേഹിൽ പുതുക്കുടി, മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അനുവർണിക സുജേഷ്, കൂത്തുപറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തേജശ്രീ ശ്രീജിത്ത് എന്നിവരാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
ട്രഡീഷണൽ യോഗയിൽ സ്നേഹിലും റിഥമിക് യോഗയിൽ അനുവർണികയും തേജശ്രീയും സ്വർണ്ണം നേടി. തമിഴ്‌നാട്ടിലെ വിരുദുനഗറിൽ നടന്ന ഇന്റർനാഷണൽ യോഗ ഫെഡറേഷന്റെ സെലക്ഷൻ ക്യാമ്പിലൂടെയാണ് മൂവരും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്റർനാഷണൽ യോഗ സ്പോർട്സ് ഫെഡറേഷൻ, ശിവ വിഷ്ണു യോഗ പീഠം, യോഗ ഫെഡറേഷൻ ഓഫ് ഏഷ്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക യോഗ മത്സരം സംഘടിപ്പിച്ചത്.
പിണറായി വെണ്ടുട്ടായി സ്വദേശിയായ സ്നേഹിൽ വി. ബൈജുവിന്റെയും ജിംന പുതുക്കുടിയുടെയും മകനാണ്. മാങ്ങാട്ടിടം ആമ്പിലാട് സ്വദേശിയായ അനുവർണിക എം. സുജേഷിന്റെയും കെ.പി.പ്രിനിതയുടെയും മകളാണ്. വേങ്ങാട് ശ്രീനാഥത്തിൽ കെ.പി. ശ്രീജിത്തിന്റെയും കെ.പി. ഷിജിലയുടെയും മകളാണ് തേജശ്രീ.
