കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ മകൻ അഭിഷേക് ലഹരിക്ക് അടിമയാണെന്ന് കുടുംബം വെളിപ്പെടുത്തി.
ഭക്ഷണം കഴിക്കാൻ എന്ന പേരിൽ അഭിഷേക് വീട്ടിൽ നിന്ന് സ്ഥിരമായി പണം വാങ്ങാറുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. പണം നൽകിയില്ലെങ്കിൽ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ്. ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുൻപും പോലീസ് സ്റ്റേഷനിൽ എത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് ശേഷവും കുടുംബത്തിന് നേരെ ഇയാൾ അക്രമം തുടരുകയായിരുന്നു.
വീട്ടിലെ ഒരു മുറിക്കാണ് അഭിഷേക് ആദ്യം തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. അഭിഷേകിന്റെ നിരന്തരമായ ഭീഷണിയും അക്രമവും ഭയന്ന് ഇയാളുടെ അനുജൻ അടക്കമുള്ള കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിലാണ് നിലവിൽ കഴിയുന്നത്.
