Zygo-Ad

ലോകകപ്പ് ഫൈനൽ ആവേശം: കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസുകൾ, ചില ഹോട്ടലുകളിൽ മന്തിയും

 


കണ്ണൂർ: ലോകകപ്പ് ഫൈനൽ വിജയത്തിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കണ്ണൂരിലെ പ്രമുഖ സ്വകാര്യ ബസുകൾ. ഗീതാഞ്ജലി, ഹരിശ്രീ, കിസ്മമത്ത്, കസർമുല്ല എന്നീ ബസുകളാണ് ഇന്ന് ചൊവ്വാഴ്ച വിദ്യാർത്ഥികൾക്കായി സൗജന്യ സർവീസ് നടത്തുന്നത്.

തൃക്കടാരിപൊയിൽ - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസാണ് ആദ്യം പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മുൻപ് സ്പെയിൻ ജയിച്ചാൽ മാത്രം സൗജന്യ യാത്ര എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, നിലവിൽ ഏത് ടീം ജയിച്ചാലും സൗജന്യ സർവീസ് നൽകുമെന്ന് ഉടമകൾ വ്യക്തമാക്കി. കൂത്തുപറമ്പ് - മട്ടന്നൂർ - കൂളിക്കടവ് റൂട്ടിലെ ഗീതാഞ്ജലി ബസും ഇതോടൊപ്പം പങ്കാളികളാകുന്നുണ്ട്.

കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലെ കസർമുല്ല ബസിന്റെ പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയമായത്. ഒൻപത് ബസുകളുള്ള കസർമുല്ല മാനേജ്മെന്റ്, വിജയിക്കുന്ന ടീമിനനുസരിച്ച് റോസ് അല്ലെങ്കിൽ നീല നിറത്തിലുള്ള ബസുകളിൽ സൗജന്യ യാത്ര നൽകുമെന്നാണ് അറിയിച്ചിരുന്നത്. ജീവനക്കാരുടെ നിർദേശപ്രകാരമാണ് തീരുമാനമെന്നും ഫലം അനുസരിച്ച് ഇന്ന് റോസ് നിറത്തിലുള്ള ബസിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് ഷെഫീഖ് പറഞ്ഞു.

ലോകകപ്പ് ഫൈനൽ പുലർച്ചെ നടന്നതിനാൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധിയായതിനാലാണ് സൗജന്യ യാത്ര ചൊവ്വാഴ്ചയിലേക്ക് മാറ്റിയതെന്ന് ബസ് അധികൃതർ വ്യക്തമാക്കി. കൂടാതെ കണ്ണൂരിലെ ചില ഹോട്ടലുകൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി മന്തി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Previous Post Next Post