തോട്ടട: കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കടലായി സ്വദേശി സി.വി. ലിനീഷ് (36) ആണ് പിടിയിലായത്.
ജൂലൈ 21-ന് ഉച്ചയ്ക്ക് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ മുൻഭാഗത്തെ കോച്ചിന്റെ ചില്ല് തകർന്നിരുന്നു. തുടർന്ന് കണ്ണൂർ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആർ.പി.എഫ്, റെയിൽവേ പോലീസ്, കണ്ണൂർ സിറ്റി പോലീസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും സമീപത്തെ വീടുകളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ പരിശോധനകൾക്കൊടുവിലാണ് പ്രതി വലയിലായത്.
റെയിൽവേ ട്രാക്കിന് സമീപമുള്ള ഒഴിഞ്ഞ വീട്ടിൽ വെച്ച് മദ്യപിച്ചവരെ ചോദ്യം ചെയ്തതാണ് കേസിൽ നിർണായകമായത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കോപിതനായ പ്രതി പുറത്തിറങ്ങി ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.
