കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ലോട്ടറിയുടെ ജില്ലാതല പ്രകാശനം കണ്ണൂർ പി.ആർ. ചേമ്പറിൽ ടി.ഒ. മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ലിഷ ദീപക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.ഡി.എം. പി.എൻ. പുരുഷോത്തമൻ മുഖ്യാതിഥിയായിരുന്നു.
ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തിയാണ് ഇത്തവണ തിരുവോണം ബംബർ ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി കമ്മീഷനായി ലഭിക്കും. ഇതിന് പുറമെ ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകും. ഇതോടെ ആകെ 22 കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന രീതിയിലാണ് സമ്മാനഘടന ക്രമീകരിച്ചിരിക്കുന്നത്.
മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെയുള്ള മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഏജന്റുമാർക്ക് ഡിസ്‌കൗണ്ടിന് പുറമെ ഒരു ടിക്കറ്റിന് ഒരു രൂപ വീതം ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്. വ്യാജന്മാരെ തടയാൻ ഫ്ലൂറസെന്റ് മഷിയുപയോഗിച്ചുള്ള അച്ചടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. 10 പരമ്പരകളിലായി പുറത്തിറക്കിയ ടിക്കറ്റിന്റെ വില 500 രൂപയാണ്. സെപ്റ്റംബർ 26-നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക.
ചടങ്ങിൽ ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് ജില്ലാ പ്രസിഡന്റ് പി.വി. സജേഷ്, ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മടപ്പള്ളി, ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എം. മനോജ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം.കെ. രജിത്കുമാർ, അസിസ്റ്റന്റ് ഓഫീസർ ടി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
