കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചു. അറസ്റ്റിൽ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി റിലീസ് ഉത്തരവിട്ടത്. എന്നാൽ വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഡോ. റാമിനെ കോടതി വളപ്പിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു.
കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് പോലീസ് ഇയാളെ കൊണ്ടുപോയത്. പൊലീസിന്റെ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് റാമിന്റെ അഭിഭാഷകൻ ആരോപിച്ചു. തന്നെ തള്ളിമാറ്റിയാണ് റാമിനെ പോലീസ് ജീപ്പിലേക്ക് കയറ്റിയതെന്നും അവശനിലയിലായ ഇദ്ദേഹത്തോട് പോലീസ് ക്രൂരമായാണ് പെരുമാറിയതെന്നും ഭാര്യ പ്രതികരിച്ചു.
കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന റാമിനെ ഇന്നലേ രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ആന്ധ്രയിലെ ചിറ്റൂരിലും കർണാടകയിലെ വിവിധ ഭാഗങ്ങളിലുമായി ഒളിവിൽ കഴിഞ്ഞശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. മുൻപ് അറസ്റ്റ് വൈകിയതിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ജാതീയ അധിക്ഷേപവും ഉണ്ടായിട്ടില്ലെന്നും സ്വാഭാവികമായ അധ്യാപക-വിദ്യാർത്ഥി ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ചോദ്യം ചെയ്യലിൽ റാം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
