പയ്യന്നൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു.
മുറിവ് തുന്നാനായി അനസ്തീഷ്യ അനിവാര്യമായിരുന്നുവെന്ന് ഡോക്ടർ അഞ്ജലി പൊതുവാളിന്റെ മൊഴി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ഡോക്ടർ മൊഴി നല്‍കിയെന്നാണ് വിവരം.
മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടർന്ന് തലച്ചോറില്‍ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
ജനറല്‍ അനസ്തീഷ്യ നല്‍കിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പരാമർശമുണ്ട്.
ചുണ്ടിലും താടിയിലും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയ്ക്ക് അനസ്തീഷ്യ നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായത്.
അനസ്തേഷ്യ നല്‍കി 10 മിനിട്ടിനകം, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെയാണ് കുട്ടി ബോധരഹിതനായതും അഞ്ച് ദിസത്തിന് ശേഷം മരിച്ചതും.
അനസ്തീഷ്യ നല്‍കിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പീടിയാട്രിഷ്യൻ ഡോ. ആശ നിർമ്മല്‍, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.
മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്മെന്‍റിനെ പൊലീസ് അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡിഎംഒക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കത്ത് നല്‍കിയിരുന്നു.
പൊലീസ് ശേഖരിച്ച ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോർഡിന് കൈമാറും. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും പൊലീസ് തുടർ നടപടികളേക്ക് കടക്കുക.
