Zygo-Ad

കൂടാളി കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരണത്തിന് കീഴടങ്ങി


കണ്ണൂർ: കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരണത്തിന് കീഴടങ്ങി.

തൃശൂർ സ്വദേശിയായ ആദിത്യ കൃഷ്‌ണ ദേവ് (21) ആണ് അന്തരിച്ചത്. അപകടത്തിന് തൊട്ടു പിന്നാലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദിത്യ, വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു കേരളത്തെ നടുക്കിയ ഈ വലിയ ദുരന്തം സംഭവിച്ചത്. അപകടം നടന്ന ദിവസം തന്നെ ആദിത്യയുടെ സഹപാഠികളായ നാല് യുവാക്കള്‍ മരണപ്പെട്ടിരുന്നു. 

ആദിത്യയുടെ കൂടി വിയോഗത്തോടെ, അപകടത്തില്‍പ്പെട്ട ഹോണ്ട സിറ്റി കാറിലുണ്ടായിരുന്ന അഞ്ചംഗ സുഹൃദ് സംഘത്തിലെ മുഴുവൻ പേരും മരണത്തിന് ഇരയായിരിക്കുകയാണ്. ബംഗളൂരുവില്‍ ഒന്നിച്ച്‌ പഠിക്കുന്ന സഹപാഠികളായിരുന്നു അപകടത്തില്‍പ്പെട്ട യുവാക്കള്‍. 

ഈ സംഘത്തിലുണ്ടായിരുന്ന സുഹൃത്ത് ഷാൻ സിറാജിന്റെ കണ്ണൂർ അലവിലിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ വേണ്ടിയാണ് ഇവർ ഒന്നിച്ച്‌ ബംഗളൂരുവില്‍ നിന്ന് കാർ മാർഗ്ഗം കണ്ണൂരിലേക്ക് പുറപ്പെട്ടത്. 

സുഹൃത്തിന്റെ വീട്ടിലെത്താൻ കിലോ മീറ്ററുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ കൂടാളി കുംഭത്ത് വെച്ച്‌ റോഡരികിലെ മരത്തിലേക്ക് കനത്ത ആഘാതത്തില്‍ ഇടിച്ചു കയറിയത്. കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു.

അപകടസ്ഥലത്തു വെച്ചും തൊട്ടടുത്ത ആശുപത്രികളില്‍ എത്തിക്കുന്നതിനിടയിലുമായാണ് ആദിത്യയുടെ നാല് സുഹൃത്തുക്കള്‍ വെള്ളിയാഴ്ച രാത്രി തന്നെ മരണമടഞ്ഞത്. ആദിത്യയെ രക്ഷപ്പെടുത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. 

ഒരു വിവാഹാഘോഷത്തില്‍ പങ്കുചേരാൻ എത്തിയ വിദ്യാർത്ഥി സംഘം ഒന്നടങ്കം മരണത്തിന് കീഴടങ്ങിയത് നാടിനെയും വിദ്യാർത്ഥി സമൂഹത്തെയും കനത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Previous Post Next Post