Zygo-Ad

നിതിൻ രാജിൻ്റെ മരണം: ഡോ. എം കെ റാമിനെ പൊലീസ് വിട്ടയച്ചു; രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ്

 
                  


കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ച ഡോ. എം കെ റാമിനെ പൊലീസ് വിട്ടയച്ചു. രണ്ട് ദിവസത്തിനകം വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയാണ് ഇയാളെ വിട്ടയച്ചിരിക്കുന്നത്. റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും നോട്ടീസ് കൈമാറാനാണ് കൂട്ടിക്കൊണ്ടുപോയതെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ വിശദീകരണം.

അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിന് ജാമ്യം അനുവദിച്ചത്. എന്നാൽ വിധിക്ക് പിന്നാലെ കോടതി വളപ്പിൽ വെച്ച് പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യം ലഭിച്ചിറങ്ങിയ പ്രതിയെ പൊലീസ് ബലംപ്രയോഗിച്ച് വീണ്ടും അറസ്റ്റ് ചെയ്തതായി പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. സംഭവത്തെത്തുടർന്ന് തലശ്ശേരി കോടതി വളപ്പിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അഭിഭാഷകർ വീണ്ടും ജഡ്ജിയുടെ ചേംബറിലെത്തി പരാതി അറിയിച്ചിരുന്നു.

അറസ്റ്റ് നടപടികൾ നിയമവിരുദ്ധമാണെന്നും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വ്യക്തമാക്കിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നൽകിയത്. അറസ്റ്റിൻ്റെ കാരണം ബോധ്യപ്പെടുത്തുന്നതിൽ വ്യക്തതയില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. ഞായറാഴ്ച കർണാടകയിലെ കുടകിൽ നിന്നാണ് മുഖ്യപ്രതിയായ റാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവിലായിരുന്ന സമയത്ത് പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും മൂന്ന് പേരുടെ സഹായം ഇയാൾക്ക് ലഭിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ തുടർന്ന് പൊലീസ് വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് കടുത്ത വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് നേരിടേണ്ടി വന്നത്. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ പിടികൂടാത്തതിൽ ജസ്റ്റിസ് എ ബദറുദ്ദീൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും കോടതി വിമർശനം ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോളേജ് അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.



Previous Post Next Post