കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസില്‍ അറസ്റ്റിലായ പ്രതി ഡോ.റാമിന് ജാമ്യം ലഭിച്ചതില്‍ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി.
സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് വിശദമായ റിപ്പോർട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഉത്തരമേഖല ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞെങ്കിലും, പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചു.
അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് നിതിൻ രാജിന്റെ കുടുംബം അറിയിച്ചിരുന്നു.
പ്രതിയും പോലീസും ഒത്തു കളിച്ചതാണ് ജാമ്യത്തിന് കാരണമെന്ന് നിതിന്റെ കുടുംബം ആരോപിച്ചു. ഒത്തുകളിച്ചതിനാലാണ് ഡോ. റാമിന് ജാമ്യം ലഭിച്ചതെന്ന് നിതിന്റെ അമ്മയും പറഞ്ഞു.
തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഡോ. റാമിനെ വിട്ടയച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്നതിലും, അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കുന്നതിലും ക്രൈംബ്രാഞ്ചിന് വീഴ്ചയുണ്ടായെന്നാണ് ആരോപണം.
തുടർ നടപടികളില്‍ ജാഗ്രത പുലർത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നല്‍കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്
