Zygo-Ad

നിതിൻ രാജിന്റെ ആത്മഹത്യ: ഒളിവിൽ കഴിയുന്ന ഡോ. എം.കെ. റാം ആന്ധ്രാപ്രദേശിൽ തന്നെയെന്ന് നിഗമനം; അന്വേഷണം ഊർജിതമാക്കി പോലീസ്

 


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാം ആന്ധ്രാപ്രദേശിൽ തന്നെ ഒളിവിൽ കഴിയുന്നതായി പോലീസ് നിഗമനം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് സംഘം ഊർജിതമാക്കിയിരിക്കുകയാണ്.

കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ ഇയാൾ ഉടൻ തന്നെ പോലീസിന് മുന്നിൽ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. നിലവിൽ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രാപ്രദേശിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടാനായി കണ്ണൂർ ക്രൈംബ്രാഞ്ചിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ ആന്ധ്രയിലേക്ക് തിരിക്കുമെന്നാണ് വിവരം.

കോളേജിലെ പാത്തോളജി വിഭാഗം മുൻ മേധാവിയും അധ്യാപകനുമായിരുന്ന ഡോ. എം.കെ. റാം ഉൾപ്പെടെയുള്ളവർ നിതിനെ സഹപാഠികളുടെ മുന്നിൽ വെച്ച് ജാതിപരമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

 

Previous Post Next Post