മേൽപ്പാലം നിർമാണ പ്രവൃത്തികളും തകർന്ന റോഡും കാരണം രൂക്ഷമായ ഗതാഗതസ്തംഭനം നേരിടുന്ന കണ്ണൂർ മേലേചൊവ്വ ജംഗ്ഷനിലെ പ്രശ്നങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണാൻ തീരുമാനം. ടി. ഒ. മോഹനൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഈ തീരുമാനം കൈക്കൊണ്ടത്.
ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കും. ഇതിനുശേഷം തകർന്ന റോഡ് റീടാറിങ് ചെയ്യുന്ന പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ജൂലൈ 16-ന് ആരംഭിച്ച് പിറ്റേന്ന് തന്നെ പൂർത്തിയാക്കും. ടാറിങ് പ്രവൃത്തിക്കുള്ള സാധനസാമഗ്രികൾ ലഭ്യമാക്കാൻ കരാർ കമ്പനിയായ വിശ്വസമുദ്രയുടെ സഹായം തേടാൻ എം.എൽ.എ. നിർദ്ദേശിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ സുഗമമായ കടന്നുപോക്കിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് ഒരാഴ്ചയ്ക്കുള്ളിൽ കെ.എസ്.ഇ.ബി. മാറ്റിസ്ഥാപിക്കും. വാട്ടർ ടാങ്കിന് മുന്നിലുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കാനും പദ്ധതിയുണ്ട്. മേൽപ്പാലം പണിയുടെ ഭാഗമായി പൈലിങ്ങിനായി വച്ചിരിക്കുന്ന വീപ്പകൾ ട്രാഫിക് പോലീസിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കൃത്യമായി ഒതുക്കിവെച്ച് കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കും. തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി.
മേലേചൊവ്വയിൽ രണ്ട് സർവീസ് റോഡുകൾ ഉൾപ്പെടെ മേൽപ്പാലം നിർമാണത്തിനായി 1.21 ഏക്കർ ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. ഇതിൽ ഏറ്റെടുക്കാനുള്ള ഭൂമിയിലെ കെട്ടിടങ്ങളുടെ വില മൂല്യനിർണയം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കാലാവസ്ഥ അനുകൂലമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിത നടപടികൾ പൂർത്തിയാക്കി പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരം കാണാനാകുമെന്ന് എം.എൽ.എ. വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് ശേഷം പദ്ധതികളുടെ അവലോകന യോഗം വീണ്ടും ചേരും.
എം.എൽ.എ.യുടെ ഓഫീസിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.കെ. സുബൈർ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.
