കണ്ണൂർ: പൈൽസ് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ച യുവാവിന്റെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ചക്കരക്കൽ ഇരിവേരി സ്വദേശിയായ ഷാനവാസിന്റെ (45) മൃതദേഹമാണ് നാല് മാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പരിശോധന നടത്തിയത്. കണ്ണൂർ തഹസിൽദാർ ഡോ. എം.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഇരിവേരി ജുമ മസ്ജിദ് ഖബർസ്ഥാനിൽ വെച്ചായിരുന്നു നടപടികൾ. പരിയാരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ഖബർസ്ഥാനിൽ വെച്ചുതന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി.
ബംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിലാണ് ഷാനവാസിന് പൈൽസ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായും മൊബൈൽ ടോർച്ചിന്റെ വെട്ടത്തിലാണ് സർജറി ചെയ്തതെന്നും ഭാര്യ ഷെർളി ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ വലിയ മുറിവുണ്ടാകുകയും രക്തം വാർന്നുപോവുകയും ചെയ്തിട്ടും ആശുപത്രി അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് 15ന് വീണ്ടും വലിയ രീതിയിൽ രക്തസ്രാവം ഉണ്ടാവുകയും ബംഗളൂരുവിലെ വീട്ടിൽ വെച്ച് ഷാനവാസ് മരണപ്പെടുകയുമായിരുന്നു.
മരണശേഷം ബന്ധുക്കൾ ബംഗളൂരുവിലെ കോടതിയെ സമീപിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമല്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കർശന നിർദേശം നൽകുകയായിരുന്നു. ബംഗളൂരു വി.വി. പുരം പോലീസ് ഇതിനായി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സമീപിച്ച് അനുമതി വാങ്ങിയ ശേഷമാണ് ഇപ്പോൾ ഖബറിടം തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയത്. കഴിഞ്ഞ 20 വർഷമായി കുടുംബത്തോടൊപ്പം ബംഗളൂരുവിൽ ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു ഷാനവാസ്. മരണമുണ്ടായാൽ നാട്ടിൽ സംസ്കരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മാർച്ച് 16ന് മൃതദേഹം ഇരിവേരിയിൽ എത്തിച്ച് ഖബറടക്കിയത്.
