കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഐ വി ഫ്ലൂയിഡ് കുപ്പികളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് രോഗികൾക്കും ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്ന് പെട്ടികൾ കുന്നുകൂട്ടി വച്ചിരിക്കുന്നത്. ഇവയിൽ പല പെട്ടികളും പൊട്ടിയ നിലയിലാണ്. പാക്ക് ചെയ്ത പെട്ടികളിൽ നിന്ന് ഫ്ലൂയിഡ് കുപ്പികൾ പുറത്തേക്ക് വീണുകിടക്കുന്നതും കാണാം.
ഇത് കൈകാര്യം ചെയ്യുന്നതിലെ അലക്ഷ്യത കാരണം സംഭവിച്ചതാണോ അതോ വരാന്തയിലൂടെ ഓടിനടക്കുന്ന എലികൾ മറ്റും കടിച്ചു പുറത്തിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന ഈ പെട്ടികൾക്കിടയിൽ എലിശല്യം രൂക്ഷമാണെന്ന പരാതി വ്യാപകമാണ്. ഇത് രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
