Zygo-Ad

ഡിജിറ്റൽ അറസ്റ്റ് ഭീഷണി; കണ്ണൂരിൽ വയോധികനിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്തു

 


ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ എളയാവൂർ സൗത്ത് സ്വദേശിയായ എഴുപത്തിരണ്ടുകാരനാണ് 90,35,564 രൂപ നഷ്ടമായത്. കുട്ടികൾക്ക് അശ്ലീല ചിത്രം അയച്ചുകൊടുത്തതിന്റെ പേരിൽ ബംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

കേസിൽ വയോധികൻ ഡിജിറ്റൽ അറസ്റ്റിലാണെന്നും നേരിട്ടുള്ള അറസ്റ്റ് ഒഴിവാക്കാൻ സെക്യൂരിറ്റി ഡിപ്പോസിറ്റ് വേണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന ഫോൺ വഴി ബന്ധപ്പെട്ട് മാർച്ച് മുതൽ ജൂലൈ ഒമ്പതു വരെയുള്ള കാലയളവിലാണ് പ്രതികൾ ഭയപ്പെടുത്തി പണം തട്ടിയത്. വ്യാജ അറസ്റ്റ് വാറണ്ടും മറ്റ് രേഖകളും വാട്‌സ്ആപ് വഴി അയച്ചുകൊടുത്തതോടെ പരാതിക്കാരൻ ഭയന്നുപോയി. തുടർന്ന് ഒരു മാസ കാലയളവിനുള്ളിൽ പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ട് നമ്പറുകളിലായി വൻതുക കൈമാറുകയായിരുന്നു. പിന്നീട് തട്ടിപ്പിൽപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വയോധികൻ സൈബർ പൊലീസിൽ പരാതി നൽകിയത്.



Previous Post Next Post