പയ്യന്നൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്നും ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഒന്നര വയസുകാരന്‍ മരിച്ചതില്‍ ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനസ്‌തേഷ്യ ഡോക്ടര്‍ ഒഴികെയുളള മറ്റ് ഡോക്ടര്‍മാരുടെ മൊഴിയുമെടുത്തു. പീഡിയാട്രീഷന്‍ ഡോക്ടര്‍ ആശ, പ്ലാസ്റ്റിക് സര്‍ജന്‍ ഡോക്ടര്‍ ആരതി അന്തര്‍ജനം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയ ഡോ. അഞ്ജലി പൊതുവാളിനെ ചോദ്യം ചെയ്തിട്ടില്ല. കേസില്‍ അഞ്ജലി മാത്രമാണ് പ്രതി. പൊലീസ് സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി.
