Zygo-Ad

കേരള ഗവ. സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷൻ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഉപയോഗിച്ച്‌ കോപ്പിയടി, യുവാവ് അറസ്റ്റില്‍! ചോദ്യങ്ങള്‍ അയച്ച അധ്യാപകൻ ഒളിവില്‍


കണ്ണൂർ: കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷന് പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

കാസർഗോഡ് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസില്‍ എസ്. ജനാർദന (36) യെയാണ് അറസ്റ്റ് ചെയ്തത്. കെഎസ്‌ഇബി വൊർക്കാടി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ് ജനാർദന.

അതേസമയം ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജില്‍ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ജനാർദന കോപ്പിയടിച്ചത്.

താത്കാലിക ജീവനക്കാരനായ ഇയാള്‍ക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണമായിരുന്നു. ‌കണ്ണൂർ മോഡേണ്‍ ഐടിഐയില്‍ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസില്‍ ജനാർദന പങ്കെടുത്തിരുന്നു.

 കോപ്പിയടിക്കാനുള്ള ഉത്തരങ്ങള്‍ മൊബൈലിലേക്ക് അയച്ചു നല്‍കിയത് ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണെന്നും പോലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്. ഇയാള്‍ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ നല്‍കിയത്.

ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്. 

കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post