Zygo-Ad

പോളിടെക്നിക് പ്രവേശനം: കൗൺസിലിംഗ് ജൂലൈ 15 മുതൽ കണ്ണൂരിൽ നടക്കും


കണ്ണൂർ ജില്ലയിലെ സർക്കാർ, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിനായുള്ള ജില്ലാതല കൗൺസിലിംഗ് ജൂലൈ 15, 16, 17 തീയ്യതികളിൽ തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ വെച്ച് നടക്കും. കൗൺസിലിംഗിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ജൂലൈ 13 നകം അഡ്മിഷൻ പോർട്ടലായ polyadmission.orgഎന്ന വെബ്സൈറ്റിലെ 'Counseling/Spot Admission Registration' ലിങ്ക് വഴി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

അപേക്ഷകർക്ക് അനുവദിച്ചിട്ടുള്ള റാങ്ക് പരിധി അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തീയ്യതികളിലും സമയത്തും രക്ഷിതാക്കൾക്കൊപ്പം കൗൺസിലിംഗിൽ പങ്കെടുക്കണം. ജൂലൈ 15 ന് സ്ട്രീം 1-ലെ റാങ്ക് 1 മുതൽ 7000 വരെയുള്ളവർക്ക് രാവിലെ 9 മണി മുതലും, 7001 മുതൽ 12000 വരെയുള്ളവർക്ക് 10.30 മുതലും, 12001 മുതൽ 15000 വരെയുള്ളവർക്ക് ഉച്ചയ്ക്ക് 12 മണി മുതലുമാണ് സമയം അനുവദിച്ചിരിക്കുന്നത്. ജൂലൈ 16 ന് റാങ്ക് 15001 മുതൽ 21000 വരെയുള്ളവർ രാവിലെ 9 മണിക്കും, 21001 മുതൽ 26000 വരെയുള്ളവർ 10.30 നും, 26001 മുതൽ 30000 വരെയുള്ളവർ ഉച്ചയ്ക്ക് 12 മണിക്കും ഹാജരാകണം.

ജൂലൈ 17 ന് റാങ്ക് 30000 ന് മുകളിലുള്ളവർ രാവിലെ 9 മണിക്ക് എത്തിച്ചേരണം. സ്ട്രീം 2-ൽ പയ്യന്നൂർ വനിത പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 11 മണിക്ക് ഹാജരാകണം. വിദ്യാർത്ഥികൾ കൗൺസിലിംഗ് രജിസ്ട്രേഷൻ സ്ലിപ്പ്, എസ്.എസ്.എൽ.സി അസ്സൽ സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയൊപ്പം സംവരണ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും വരുമാന സർട്ടിഫിക്കറ്റും കരുതേണ്ടതാണ്. ഭിന്നശേഷിക്കാർ അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ 9946484890, 9744340666 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

 

Previous Post Next Post