കണ്ണൂർ: ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം പൂർണ്ണമായി മാറ്റിയെഴുതിയ സോഷ്യൽ മീഡിയ ഇന്ന് ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. ഒരൊറ്റ ക്ലിക്കിൽ ലോകത്തെ സകല വിവരങ്ങളും വിരൽത്തുമ്പിലേക്ക് എത്തുന്ന ഈ കാലഘട്ടത്തിൽ, സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെയും പ്രാധാന്യത്തെയും ഓർമ്മിപ്പിക്കാനാണ് എല്ലാ വർഷവും ജൂൺ 30 ലോക സോഷ്യൽ മീഡിയ ദിനമായി ആചരിക്കുന്നത്. ആശയവിനിമയ രംഗത്ത് സമൂഹമാധ്യമങ്ങൾ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2010-ൽ മാഷെബിൾ എന്ന പ്രമുഖ വാർത്താ വെബ്സൈറ്റാണ് ആദ്യമായി ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഓൺലൈൻ എന്ന വാക്ക് മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ലോകത്തെ ആദ്യത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായി കണക്കാക്കപ്പെടുന്നത് അമേരിക്കൻ സംരംഭകനായ ആൻഡ്രൂ വെയ്ൻറിച്ച് തുടക്കം കുറിച്ച സിക്സ് ഡിഗ്രിസ് ആണ്. പിന്നീട് 2001-ൽ ഇതിന്റെ പ്രവർത്തനം അവസാനിച്ചതോടെയാണ് മൈ സ്പേസ്, ഫ്രണ്ട്സ്റ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ലോകം കീഴടക്കാൻ തുടങ്ങിയത്.
പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളുടെ ഒരു വലിയ യുഗപ്പിറവിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ന് പലരുടെയും പ്രധാന വരുമാനമാർഗ്ഗം കൂടിയാണ് ഈ പ്ലാറ്റ്‌ഫോമുകൾ. എങ്കിലും, സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും അമിത ഉപയോഗം കുട്ടികളെയും യുവാക്കളെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. വിവേകത്തോടെയും ജാഗ്രതയോടെയും ഉപയോഗിച്ചാൽ സോഷ്യൽ മീഡിയ വലിയൊരു അനുഗ്രഹമാണെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പീക്കുന്നു.
