കണ്ണൂർ: കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സ്ഥാപന ഉടമകൾ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറി. മഹാരാഷ്ട്രയിലെ താനെ അംബർനാഥ് പത് വാഡി മഹാത്മ പൂലെ നഗർ സ്വദേശിയായ സാലിം സിക്കന്ദർ ഷെയ്ഖിനെയാണ് (60) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ താഴെത്തെ റോയൽ ഓക് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജി കൺസെപ്റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷൻ സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം 6:41 ഓടെയാണ് പ്രതി ഇവിടെ കവർച്ച നടത്തിയത്. സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന ശേഷം മേശയിൽ സൂക്ഷിച്ചിരുന്ന 61,000 രൂപ ഇയാൾ കവർന്നു. ഈ തുക കൈവശപ്പെടുത്തി തൊട്ടടുത്തുള്ള ഓഫീസിലും കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഉടമകൾ ഇയാളെ കൈയ്യോടെ പിടികൂടിയത്. ടൗൺ സ്റ്റേഷൻ എസ്.ഐ. ടി.എം വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
