കണ്ണൂർ :കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണവുമായി കാസർഗോഡ് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസർഗോഡ് കുമ്പള അരീകണ്ടി സ്വദേശി അബ്ദുൽ റംഷീദിൽ നിന്നാണ് 1281.7 ഗ്രാം സ്വർണം കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്.
ഞായറാഴ്ച രാവിലെ ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ ശ്രമം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പ്രതിയെ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
