മോറാഴ: തളിപ്പറമ്പ് എം.എൽ.എ. ടി. കെ. ഗോവിന്ദൻ മാസ്റ്റർക്ക് ആന്തൂർ നഗരസഭയിലെ പാന്തോട്ടത്ത് വച്ച് നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണം നൽകി. പാന്തോട്ടം പ്രിയദർശിനി വായനശാല - ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.കെ. സരസ്വതി പരിപാടി ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് ടി.എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രാദേശിക നേതാക്കളായ രഘുനാഥ് തളിയിൽ, പി.കെ. രാമചന്ദ്രൻ, വായനശാല സെക്രട്ടറി എം.വി. ശശിധരൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്വീകരണത്തിന്റെ ഭാഗമായി നാട്ടുകാർക്കായി പ്രഥമൻ പായസ വിതരണവും ഉണ്ടായിരുന്നു. പ്രദേശത്തെ വിവിധ വികസന പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ ചടങ്ങിൽ വച്ച് എം.എൽ.എ. ക്ക് കൈമാറി. ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ. നാട്ടുകാർക്ക് ഉറപ്പുനൽകി.
