നീലേശ്വരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്ത് (42) ആണ് നീലേശ്വരം പോലീസിന്റെ പിടിയിലായത്. പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് ഇയാൾ 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.
യുവതിയുമായി പ്രണയം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയുടെ വീടും സ്ഥലവും വിറ്റ വകയിൽ കിട്ടിയ തുകയിൽ നിന്നാണ് പ്രതി 10 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിനുപുറമെ പരാതിക്കാരി പുതുതായി വാങ്ങിയ വീടും സ്ഥലവും പണയം വെപ്പിച്ചും ഇയാൾ പണം കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.
അറസ്റ്റിലായ ശ്രീജിത്ത് വിവാഹിതനാണ്. ഇയാൾ മുൻപും സമാനമായ രീതിയിൽ സ്ത്രീകളെ വശത്താക്കി പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ പ്രതിക്കെതിരെ കൃത്യമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
