Zygo-Ad

പയ്യന്നൂർ എടാട്ട് സ്വർണക്കവർച്ച: ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ


 പയ്യന്നൂർ എടാട്ടിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിലായി. അഞ്ചാം പീടിക സ്വദേശിയായ സനു സന്തോഷ് ആണ് പിടിയിലായത്. കാസർകോട് ഉപ്പളയിൽവെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കവർച്ചാ സംഘങ്ങൾക്കിടയിലെ സ്വർണം പൊട്ടിക്കൽ സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം.

ജൂൺ രണ്ടിനാണ് തലശ്ശേരിയിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളായ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. എടാട്ട് വെച്ച് നാല് കാറുകളിലായെത്തിയ അക്രമിസംഘം വ്യാപാരിയുടെ കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘം കുടുംബത്തെ ആക്രമിച്ച് വഴിയിൽ ഇറക്കിവിട്ട ശേഷം, വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. പിന്നീട് കാർ കുത്തിക്കീറി നശിപ്പിച്ച നിലയിൽ പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ചു.

പ്രതിയെ പിടികൂടിയതിനൊപ്പം ആക്രമണത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ഈ സംഘം വാടകയ്‌ക്കെടുത്ത മറ്റൊരു കാർ ചൊക്ലി ഭാഗത്തുനിന്നും കണ്ടെടുത്തു. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനായി പോലീസിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം തുടരുകയാണ്.


Previous Post Next Post