കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആറു സ്വകാര്യ ആശുപത്രികളില്‍ മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാർ സമരത്തിന്റെ 32-ാം ദിവസം സമരപന്തല്‍ ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി സമരം ശക്തമാക്കി. ധനലക്ഷ്മി ആശുപത്രിയില്‍ നടന്ന സമര പരിപാടി എ.ഐ.ടി.യു.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
സമര സഹായ സമിതി ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ് സ്വാഗതം പറഞ്ഞു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനൻ, സി.പി.ഐ പ്രതിനിധിയും സമര സഹായ സമിതി വൈസ് ചെയർമാനുമായ അഡ്വ. അജയകുമാർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാക്കിർ ആഡൂർ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വരുണ്‍, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) നേതാവ് എം.കെ. ഷഹസാദ്, ഐ.എൻ.എല്‍.സി സ്റ്റേറ്റ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി അനൂപ് ജോണ്‍, എ.ഐ.എം.എസ്.എസ് ജില്ലാ സെക്രട്ടറി രശ്മി രവി എന്നിവർ സംസാരിച്ചു.
പരിപാടിക്ക് ശേഷം സമര സഹായ സമിതി അംഗങ്ങള്‍ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയ്ക്കിടെ, നഴ്‌സുമാരുമായി കരാറില്‍ എത്താൻ മാനേജ്മെന്റിനെ സി ഐ ടിയു അനുവദിക്കുന്നില്ലെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റർ അറിയിച്ചതെന്ന് സമരസഹായ സമിതി ആരോപിച്ചു.
ഇതു കൂടാതെ, ചർച്ച നടക്കുന്ന സമയത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി .വി. ബാലകൃഷ്ണൻ ആശുപത്രി അഡ്മിനിസ്ട്രേറ്ററേ നിരവധി തവണ ഫോണില്‍ ബന്ധപ്പെടുന്നതായും സമരസഹായ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സി.ഐ.ടി.യുവും ബി.എം.എസും അവരുടെ അംഗങ്ങളായ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് വ്യവസ്ഥയില്‍ എത്തിയതിനെ തുടർന്ന് സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനത്തില്‍ താഴെയുള്ള കരാറിന് തയ്യാറാകാൻ നഴ്‌സുമാർ വിസമ്മതിച്ചതിനാലാണ് നഴ്‌സുമാർ സമരം തുടരുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ സി.പി.ഐഎം നേതൃത്വവും കണ്ണൂർ ജില്ലയിലെ നഴ്‌സുമാരുടെ സമരത്തോട് മുഖംതിരിഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരനേതാക്കള്‍ ആരോപിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ സമരം ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ തുടരുമെന്നും, മിനിമം വേതനം നടപ്പാക്കും വരെ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരനേതാക്കള്‍ അറിയിച്ചു.പരിപാടിയില്‍ ഐ.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടെജി മോള്‍ നന്ദി പറഞ്ഞു.
