കണ്ണൂരിൽ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി. മാണിയൂർ സ്വദേശികളായ ഷമീം, കെ കെ ഷംസീർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 7.369 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു.
ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ ലഹരിമാഫിയക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
