Zygo-Ad

കണ്ണൂർ ജില്ലയിൽ 1.41 ലക്ഷം കുട്ടികൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും


ദേശീയ പൾസ് പോളിയോ നിർമാർജന തീവ്രയജ്ഞത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള 1,41,810 കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വെച്ച് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും.

രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രതിരോധ മരുന്ന് വിതരണം നടക്കുക. കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി ജില്ലയിലുടനീളം 1573 ബൂത്തുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവയ്ക്ക് പുറമെ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് 46 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് ഉൾപ്പെടെ വാക്സിൻ ലഭ്യമാക്കാൻ 60 മൊബൈൽ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് ഏതെങ്കിലും കാരണവശാൽ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി അടുത്ത രണ്ട് ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും വീടുകളിലെത്തി വാക്സിൻ നൽകും.

കുട്ടികളുടെ കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിച്ച് കൈകാലുകൾക്ക് തളർച്ചയും അംഗവൈകല്യവും ഉണ്ടാക്കുന്ന ഗുരുതരമായ പകർച്ചവ്യാധിയാണ് പോളിയോ മൈലൈറ്റീസ്. രോഗത്തിന് നിലവിൽ മരുന്നുകളില്ലാത്തതിനാൽ പ്രതിരോധ വാക്സിൻ മാത്രമാണ് ഏക പോംവഴി. കേരളത്തിൽ 2000-ത്തിന് ശേഷവും ഇന്ത്യയിൽ 2011-ന് ശേഷവും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽരാജ്യങ്ങളിൽ രോഗബാധ നിലനിൽക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് ഈ ഊർജിത യജ്ഞം തുടരുന്നത്. അതിനാൽ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകി സുരക്ഷിതരാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 

Previous Post Next Post