കണ്ണൂർ: പ്രായപൂർത്തിയാകാത്ത പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
മുസ്ലീം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തലശ്ശേരിയില്‍ ദർസ് വിദ്യാർത്ഥിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകൻ കൂടിയാണ് അഹമ്മദ് തേർളായി. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.
ദർസില്‍ വെച്ചാണ് പ്രകൃതിവിരുദ്ധ പീഡനം നടന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിശദമായ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡന വിവരങ്ങള്‍ തുറന്നുപറഞ്ഞത്.
പതിനാലുകാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയത്. ഇന്ത്യൻ ന്യായ സംഹിതയിലെ (BNS) ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
