പയ്യന്നൂര്‍: പയ്യന്നൂർ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോൽ വടശ്ശേരി സ്വദേശി പെരികമന ഇല്ലം ഭാരവാഹി ശ്രീനാഥ് പി. (40) എന്നയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ബുധനാഴ്ച വൈകുന്നേരം പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂർ ഡാന്‍സാഫ് (DANSAF) ടീമും ചേര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്. ജ്യോതിഷാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പയ്യന്നൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധനാ സംഘത്തില്‍ എസ്.സി.പി.ഒ അബ്ദുല്‍ ജബ്ബാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
