Zygo-Ad

കാഞ്ഞങ്ങാട് വാഹനാപകടം ചികിത്സയിലായിരുന്ന സിവിൽ പോലീസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

 


കാഞ്ഞങ്ങാട് പടന്നക്കാട്ട് ദേശീയപാതയിൽ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ എം സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നേരത്തെ ഇദ്ദേഹത്തിന്റെ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. എഴുപത് ശതമാനത്തോളം പരിക്കേറ്റ വലതുകാലിന് ഒന്നിലേറെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് ഡോക്ടർമാർക്ക് ഈ കാലും മുറിച്ചുമാറ്റേണ്ടി വന്നത്.

അതേസമയം, ഇതേ അപകടത്തിൽപ്പെട്ട് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്ന മറ്റൊരു സിവിൽ പോലീസ് ഓഫീസറായ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥരാണ്.

ഇക്കഴിഞ്ഞ ജൂൺ 18നാണ് പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് പുറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സാച്ചെലവ് പോലീസ് വെൽഫെയർ ഫണ്ടിൽ നിന്ന് ലഭ്യമാക്കാൻ അഭ്യന്തരമന്ത്രി നിർദേശിച്ചിരുന്നു.

 

Previous Post Next Post