Zygo-Ad

കക്കാട് സ്പിന്നിങ് മില്ലിൽ തൊഴിലാളികളെ ക്വാർട്ടേഴ്സിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം താല്കാലികമായി നിർത്തിവെച്ചു


കണ്ണൂർ: പൂട്ടിയിട്ട കക്കാട് സ്പിന്നിങ് ആൻഡ് വീവിങ് മില്ലിലെ തൊഴിലാളികളെ ക്വാർട്ടേഴ്സുകളിൽ നിന്നും കുടിയൊഴിപ്പിക്കാനുള്ള മാനേജ്‌മെന്റ് നീക്കം പ്രതിഷേധത്തെ തുടർന്ന് താല്കാലികമായി നിർത്തിവെച്ചു. കോവിഡ് പ്രതിസന്ധിയുടെ പേര് പറഞ്ഞ് 2020 മാർച്ച് 23നാണ് നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള ഈ മിൽ പൂട്ടിയത്.

തുടർന്ന് രണ്ടു വർഷത്തിലേറെയായി തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യങ്ങളും ഒരു വർഷത്തോളമായി ലേ ഓഫ് വേതനവും ലഭിക്കുന്നില്ല. ഇതിനിടയിലാണ് ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു പോകണമെന്നും അല്ലാത്തപക്ഷം വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്നും കാണിച്ച് മാനേജ്‌മെന്റ് ഭീഷണി ഉയർത്തിയത്.

 എൻടിസിയുടെ മാഹി മില്ലിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. മില്ലുകൾ പൂട്ടി നഗരങ്ങളിലെ വിലപിടിപ്പുള്ള ഭൂമി വൻകിടക്കാർക്ക് കൈമാറാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ആക്ഷേപമുണ്ട്.

ഒഴിപ്പിക്കൽ നീക്കമറിഞ്ഞ് സിഐടിയു നേതാക്കൾ സ്ഥലത്തെത്തി ജനറൽ മാനേജർ സി സുന്ദറുമായി ചർച്ച നടത്തി. ഇതേത്തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ താല്കാലികമായി നിർത്തിവെക്കാൻ ധാരണയായത്. തുടർച്ചർച്ചകൾക്ക് ശേഷമേ ഇനി മറ്റ് നടപടികളിലേക്ക് കടക്കൂ.

 തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യവും കുടിശ്ശിക വേതനവും അടിയന്തരമായി നൽകണമെന്ന് ജില്ലാ ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ചർച്ചയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ, ഭാരവാഹികളായ കെ പി അശോകൻ, എൻ നിവിൽ, കെ സി രാജേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post