കണ്ണൂർ: ചാല ബൈപാസിൽ അണ്ടർപാസിന് സമീപം നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കോൺക്രീറ്റ് മതിലിലിടിച്ച് വൻ അപകടം. വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രക്ഷാപ്രവർത്തനവുമായി നാട്ടുകാരും പോലീസും
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ ചാലയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രികർ അപകടസമയത്ത് ബസിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
