കണ്ണൂർ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന ആരോപണവും പാർട്ടിയില്‍ നിന്നുള്ള പുറത്താക്കലും നേരിട്ട കോണ്‍ഗ്രസ് നേതാവ് വിഷാംശം ഉള്ളില്‍ ചെന്ന നിലയില്‍ ചികിത്സയില്‍.
കോണ്‍ഗ്രസ് കക്കാട് മണ്ഡലം സെക്രട്ടറി ടി പി മുരളിയെയാണ് വ്യാഴാഴ്ച (25.06.2026) വിഷാംശം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുഴാതി പഞ്ചായത്തിലെ മുരളിയെ രാവിലെ 9.30ഓടെ വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ആദ്യം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പൊലീസ് കേസെടുത്തില്ലെന്ന് പരാതി
സംഭവത്തിന് ഒരു ദിവസം മുമ്പാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് മാർട്ടിൻ ജോർജും വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും മുരളിക്കെതിരെ പൊലീസില്‍ പരാതികള്‍ നല്‍കിയത്. എന്നാല്‍ പരാതികള്‍ ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ടൗണ്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.
വ്യാജ സീലുകളും രേഖകളും
കഴിഞ്ഞ ഒരു വർഷത്തിനിടെ കണ്ണൂർ നഗരസഭയിലും സർവീസ് സഹകരണ ബാങ്കുകളിലും ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് കുറഞ്ഞത് അഞ്ച് പേരില്‍ നിന്ന് ഏകദേശം 10 ലക്ഷം രൂപ മുരളി കൈപ്പറ്റിയെന്നാണ് പരാതി.
തളിപ്പറമ്പ്, അത്താഴക്കുന്ന് എന്നിവിടങ്ങളിലെ തൊഴിലന്വേഷകരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. സ്വീപ്പർ തസ്തികയില്‍ ജോലി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ഒരാളില്‍ നിന്ന് കുറഞ്ഞത് 1.5 ലക്ഷം രൂപ വരെ വാങ്ങിയതായും പരാതിയുണ്ട്.
വിശ്വാസ്യത സൃഷ്ടിക്കാൻ ഡിസിസിയുടെ വ്യാജ സീലും വ്യാജ രേഖകളും ഉപയോഗിച്ചെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലായതിനാല്‍ നിയമന വിവരം പുറത്തു പറയരുതെന്ന് സൂചിപ്പിക്കുന്ന വ്യാജ പോസ്റ്റ് കാർഡുകളും അപേക്ഷകരിലേക്ക് അയച്ചിരുന്നു. ചില അപേക്ഷകളില്‍ ചന്ദ്രൻ തില്ലങ്കേരിയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഇതു കൂടാതെ അപേക്ഷകർക്ക് യൂണിഫോം നല്‍കി ജൂണ്‍ 19ന് ജോലിയില്‍ പ്രവേശിക്കാമെന്നും മുരളി അറിയിച്ചിരുന്നു. എന്നാല്‍ നിശ്ചിത ദിവസം നിയമന ഉത്തരവ് ലഭിക്കാതിരുന്നതോടെയാണ് പരാതിക്കാർ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചത്.
ഇതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. തൻ്റെ പേരും ഒപ്പും ദുരുപയോഗം ചെയ്തതിനെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചന്ദ്രൻ തില്ലങ്കേരി പരാതിയില്‍ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് മുരളിയെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാർട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുകയും സാമ്പത്തിക തട്ടിപ്പില്‍ ഏർപ്പെടുകയും ചെയ്തുവെന്നാണ് പാർട്ടിയുടെ ആരോപണം.
അതേസമയം, മുരളി പണം തിരികെ നല്‍കാമെന്ന് ഞായറാഴ്ച (ജൂണ്‍ 28) വരെ ഉറപ്പുനല്‍കിയിരുന്നതിനാല്‍ ഇതുവരെ പല പരാതിക്കാരും പൊലീസിന് മൊഴി നല്‍കാൻ തയ്യാറായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ആതാഴക്കുന്നിലും സമീപ പ്രദേശങ്ങളിലും മുരളിയെ നാട്ടില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
