കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഒട്ടേറെ വാഹന മോഷണക്കേസുകളിൽ പ്രതിയും 22 വർഷം മുൻപ്, 2004-ൽ കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹന മോഷണക്കേസുകളിലെ പ്രതിയുമായ ഹരിയാന പൽവാൾ ഗോഡി വില്ലേജിൽ ബ്രിജ് ലാലിന്റെ മകൻ ബെൽദേവ് സിംഗ് (60) അറസ്റ്റിലായി.
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ യമുനാ നദിക്കരയിലുള്ള ഠപ്പൽ എന്ന സ്ഥലത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ നിർദ്ദേശാനുസരണം, കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ മധുസൂദനൻ, എ.എസ്.ഐ ബിജു, എ.എസ്.ഐ രാജേഷ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘം ഹരിയാന പോലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ 14-06-2026 ഉച്ചയ്ക്ക് 1.15 ഓടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഒരു എൽ.പി വാറന്റ് ഉൾപ്പെടെ ഒമ്പതോളം വാറന്റുകൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ 22 വർഷമായി നിയമത്തിന് മുന്നിൽ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ച് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
