തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറ്റിക്കോൽ പാലത്തിന് സമീപത്തെ സർവീസ് റോഡ് മുന്നറിയിപ്പില്ലാതെ അടച്ചതിനെത്തുടർന്ന് യാത്രക്കാർ വലഞ്ഞു. തളിപ്പറമ്പിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡാണ് ടാറിംഗ് ജോലികൾക്കായി അടച്ചത്. ഇതോടെ ധർമ്മശാല ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.
മുൻകൂട്ടി അറിയിപ്പ് നൽകാതെ റോഡ് അടച്ചതോടെ ബക്കളം, ധർമ്മശാല ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ദുരിതത്തിലായി. കുറ്റിക്കോൽ പാലം വഴി മേൽപ്പാലത്തിൽ കയറുന്ന വാഹനങ്ങൾക്ക് ഇനി മാങ്ങാട് ഹാജി വളവിൽ എത്തിയ ശേഷമേ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. ഇത് സർക്കാർ ഓഫീസുകളിലും മറ്റും പോകേണ്ട യാത്രക്കാരെയും വിദ്യാർത്ഥികളെയും കാര്യമായി ബാധിച്ചു.
സംഭവത്തെത്തുടർന്ന് നാട്ടുകാരും വിവിധ യുവജന സംഘടന പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഒരു ഭാഗത്തെ സർവീസ് റോഡ് വഴി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിട്ടാണ് നിലവിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത്.
