കണ്ണൂർ : കാൽടെക്സിന് സമീപം വൈദ്യുതി തടസ്സത്തെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് യുവതികളെ അഗ്നിശമനസേന സുരക്ഷിതമായി പുറത്തെത്തിച്ചു. കാൽടെക്സിന് സമീപത്തെ നീതി ലാബിലെ ജീവനക്കാരായ സുറൂറ എം.സി (22), നിഷ്മ പി (21) എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 9.15-ഓടെ ജോലിക്ക് എത്തുന്നതിനിടെയായിരുന്നു സംഭവം.
ലിഫ്റ്റ് ഒന്നാം നിലയ്ക്കും രണ്ടാം നിലയ്ക്കും ഇടയിൽ എത്തിയപ്പോൾ പെട്ടെന്ന് വൈദ്യുതി ബന്ധം തകരാറിലാവുകയായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിയെങ്കിലും പരിഭ്രാന്തരാകാതെ സുറൂറ ഉടൻ തന്നെ അഗ്നിശമന നിലയത്തിൽ വിവരമറിയിച്ചു. വിവരമറിഞ്ഞയുടൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജിബി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ആദ്യം ലിഫ്റ്റ് ഒന്നാം നിലയിലേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ലിഫ്റ്റ് കീ ഉപയോഗിച്ച് വാതിൽ തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ വികസിപ്പിച്ചാണ് ഇരുവരെയും സുരക്ഷിതരായി പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർക്ക് പുറമെ സേനാംഗങ്ങളായ രാകിത്ത് രാജു, ഷായിബാസ്, ശ്രീകേഷ്, വിപിൻ ഉണ്ണികൃഷ്ണൻ, നിജിൽ എന്നിവരും പങ്കെടുത്തു.
