പയ്യന്നൂർ: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെതിരെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബാലികയാണ് പീഡനത്തിനിരയായത്.
തന്റെ അമ്മയോടൊപ്പം ജോലിസ്ഥലത്തെത്തിയതായിരുന്നു കുട്ടി. ജോലിയിൽ ഏർപ്പെട്ടിരിക്കെ അമ്മ താഴത്തെ നിലയിലേക്ക് പോയ സമയത്താണ് രാഘവൻ എന്നയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തൊട്ടടുത്ത ദിവസവും ഇയാൾ ക്രൂരത ആവർത്തിച്ചു. കുട്ടി സംഭവം അമ്മയോട് വിവരിച്ചതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇയാൾക്ക് മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ തനിച്ചുതാമസിക്കുന്ന വീടുകളിൽ ഒളിഞ്ഞുനോക്കുന്ന പ്രകൃതക്കാരനാണ് പ്രതിയെന്നും, നേരത്തെ ഇതിന്റെ പേരിൽ ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
