Zygo-Ad

ഉഷ്ണതരംഗം പ്രതിരോധിക്കാൻ ആയുർവേദ ക്ലിനിക്കുമായി പറശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ്

 


തളിപ്പറമ്പ്: വേനൽക്കാലത്തെ കഠിനമായ ഉഷ്ണവും ആരോഗ്യപ്രശ്നങ്ങളും പ്രതിരോധിക്കുന്നതിനായി പറശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രത്യേക ഉഷ്ണ പ്രതിരോധ ആയുർവേദ ചികിത്സാ ക്ലിനിക്ക് ആരംഭിച്ചു. കേരളത്തിൽ വേനൽച്ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭമെന്ന് കോളേജ് ഡയറക്ടർ പ്രൊഫസർ ഇ കുഞ്ഞിരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആയുർവേദത്തിൽ ഗ്രീഷ്മ ഋതു എന്ന് വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ശരീരബലവും ദഹനശക്തിയും കുറയാൻ സാധ്യതയുള്ളതിനാൽ പ്രത്യേക കരുതൽ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജലാംശം കൂടുതലുള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണക്രമം ശീലിക്കണമെന്ന് ക്ലിനിക്ക് നിർദ്ദേശിക്കുന്നു. മാമ്പഴം, ചക്ക, നേന്ത്രപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളും ഇളവൻ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പതിമുഖം, കരിങ്ങാലി, മുത്തങ്ങ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം, ഇളനീർ, സംഭാരം എന്നിവ കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. എരിവ്, പുളി, ഉപ്പ് എന്നിവ അമിതമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

വേനൽക്കാലത്ത് വർദ്ധിച്ചുവരുന്ന ത്വക് രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങിയ പകർച്ചവ്യാധികൾ എന്നിവ തടയുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. ശരിയായ ആഹാരക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും നിർജ്ജലീകരണവും ക്ഷീണവും ഒഴിവാക്കാമെന്നും അധികൃതർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ജോഷി ജോർജ്ജ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജിഷ്ണു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

 

Previous Post Next Post