ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും സ്വതന്ത്രവുമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നായ ഡെബിയൻ പ്രൊജക്റ്റിൻ്റെ പ്രൊജക്റ്റ് ലീഡറായി (DPL) മലയാളി വനിത ശ്രുതി ചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിമൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഡെബിയൻ പ്രൊജക്റ്റിൻ്റെ നേതൃസ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയും ആദ്യത്തെ ഏഷ്യക്കാരിയുമാണ് ശ്രുതി ചന്ദ്രൻ. കണ്ണൂർ സ്വദേശിയായ ഇവർ നിലവിൽ മുംബൈയിലാണ് താമസം. പുതിയ നേതാവിൻ്റെ ഔദ്യോഗിക കാലാവധി ഏപ്രിൽ 21-ന് ആരംഭിച്ച് 2027 ഏപ്രിൽ 20-ന് അവസാനിക്കും.
ലോകമെമ്പാടുമുള്ള ആയിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണ് ഡെബിയൻ വികസിപ്പിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഉൾപ്പെടെ ഉപയോഗിക്കുന്ന ഡെബിയനിലാണ് ഇന്റർനെറ്റിലെ വലിയൊരു ശതമാനം സെർവറുകളും പ്രവർത്തിക്കുന്നത്. ഉബുണ്ടു (Ubuntu), കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉപയോഗിക്കുന്ന കൈറ്റ് ലിനക്സ് (Kite Linux) തുടങ്ങി 450-ൽ പരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഡെബിയനിൽ നിന്ന് രൂപംകൊണ്ടവയാണ്. ഡെബിയൻ പ്രൊജക്റ്റിൻ്റെ ഔദ്യോഗിക പ്രതിനിധിയായി പ്രവർത്തിക്കുക, കമ്മ്യൂണിറ്റി തീരുമാനങ്ങൾ ഏകോപിപ്പിക്കുക, തർക്കങ്ങൾ പരിഹരിക്കുക, ഭരണപരമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയാണ് പ്രൊജക്റ്റ് ലീഡറുടെ പ്രധാന ചുമതലകൾ.
2016-ൽ ഡെബിയനിൽ സന്നദ്ധ പ്രവർത്തനം ആരംഭിച്ച ശ്രുതി ചന്ദ്രൻ 2018-ലാണ് ഔദ്യോഗികമായി ഡെബിയൻ ഡെവലപ്പറായത്. ഇതിന് മുൻപ് ഡെബിയൻ കമ്മ്യൂണിറ്റി ടീം, അന്താരാഷ്ട്ര സമ്മേളനമായ ഡെബ്കോണിന് മാർഗ്ഗനിർദ്ദേശം നൽകുന്ന ഡെബ്കോൺഫ് കമ്മിറ്റി, പുതിയ പ്രവർത്തകരെ പ്രോജക്റ്റിലേക്ക് കൊണ്ടുവരുന്ന ഡെബിയൻ ഔട്ട്‌റീച്ച് ടീം എന്നിവയിൽ അവർ സജീവമായി പ്രവർത്തിച്ചിരുന്നു. 2020 മുതൽ പ്രൊജക്റ്റ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു വരികയായിരുന്നു. 2023-ൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര ഡെബിയൻ കോൺഫറൻസിൻ്റെ മുഖ്യ സംഘാടകയായും അവർ പ്രവർത്തിച്ചു.
ടിസിഎസിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നതിനിടയിലാണ് ശ്രുതി ഡെബിയൻ പ്രൊജക്റ്റിലേക്ക് എത്തുന്നത്. നിലവിൽ ഇന്ത്യയിലുള്ള 17 ഡെബിയൻ ഡെവലപ്പർമാരിൽ 9 പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. ശ്രുതിയുടെ ഭർത്താവ് പ്രവീൺ അരിമ്പ്രാതൊടിയും ഡെബിയൻ ഡെവലപ്പറാണ്.
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരക എന്ന നിലയിൽ ശ്രദ്ധേയയായ ശ്രുതി, ഒട്ടേറെ പെൺകുട്ടികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും വിക്കിപീഡിയ, ഓപ്പൺസ്ട്രീറ്റ്മാപ്പ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ കൂട്ടായ്മകളിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.

