കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. കെ. സുധാകരന് മത്സരിക്കാൻ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എഐസിസിക്ക് കത്ത് നൽകി എന്ന രീതിയിലായിരുന്നു പ്രചാരണം നടന്നത്.
സംഭവം വിവാദമായതോടെ സണ്ണി ജോസഫ് നേരിട്ട് രംഗത്തെത്തുകയും പ്രചരിക്കുന്നത് വ്യാജ കത്താണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആർക്കെങ്കിലും സീറ്റ് നൽകണമെന്നോ നൽകരുതെന്നോ ആവശ്യപ്പെട്ട് താൻ കത്തയച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐടി ആക്ടും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളായ അഡ്വ. കെ.ജെ. ജോസഫ്, അബ്ദുൽ കാദർ എന്നിവരെ പ്രതി ചേർത്താണ് പ്രാഥമിക എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
