അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നിർണായക വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിതിൻ മരിക്കുന്നതിന് 25 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് ഫോൺ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി സന്ദേശങ്ങളെക്കുറിച്ച് ലത ടീച്ചർ പ്രിൻസിപ്പലിന് പരാതി നൽകുന്നതും, ആ സമയത്തും ടീച്ചർക്ക് ഭീഷണി കോളുകൾ വരുന്നതും ദൃശ്യങ്ങളിലുണ്ട്.
ലോൺ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിതിൻ പ്രിൻസിപ്പലിനോട് വിശദീകരിക്കുന്നുണ്ട്. പണം അടച്ചുതീർക്കാതെ ആരുടെയും നമ്പർ റെഫറൻസ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കില്ലെന്ന് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. അതേസമയം, കേസിൽ പ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും തലശ്ശേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാകാം നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നുമാണ് ഇവരുടെ വാദം.
സംഭവദിവസം താൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നില്ലെന്ന് ഡോ. റാം ഹർജിയിൽ അവകാശപ്പെടുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ, ജാതീയമായ അധിക്ഷേപവും മാനസിക പീഡനവും ഡോ. റാം നടത്തിയിരുന്നതായി നിതിന്റെ കുടുംബം ആരോപിച്ചിരുന്നു. പ്രതികൾ കർണാടകയിൽ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം.
