Zygo-Ad

നിരന്തരം കുറ്റകൃത്യങ്ങൾ: കണ്ണൂരില്‍ രണ്ട് മയക്കുമരുന്ന് കേസുകളിലെ പ്രതിക്ക് കരുതല്‍ തടങ്കല്‍


കണ്ണൂർ: ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലും പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിലെ പ്രതിയെ PIT NDPS നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആക്കി.

26.851 ഗ്രാം മെത്താഫിറ്റാമിൻ കടത്തിയ കേസിലും 8.300 ഗ്രാം എംഡിഎംഎ കടത്തിയ കേസിലും പ്രതിയായ തളിപ്പറമ്പ് ചെങ്ങളായി കളരിക്കുന്നേല്‍ വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകൻ റാഷിദ് കെ.കെയെയാണ് കരുതല്‍ തടങ്കലില്‍ ആക്കിയത്.

നിരന്തരം മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സതീഷ് കുമാർ പി.കെ.യുടെ ശുപാർശ പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവോടെയാണ് PIT NDPS നിയമപ്രകാരം തടങ്കല്‍ നടപടികള്‍ സ്വീകരിച്ചത്.

തളിപ്പറമ്പ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സതീഷ് എസ്.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത റാഷിദിനെ പൂജപ്പുര സെൻട്രല്‍ ജയിലില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ.കെ., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗോവിന്ദൻ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ അജിത് പി.വി. എന്നിവരും പങ്കെടുത്തു.

കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച്‌ ഒരു വർഷം മുതല്‍ രണ്ട് വർഷം വരെ കരുതല്‍ തടങ്കലില്‍ പാർപ്പിക്കാവുന്നതാണ്. മുൻപ് സമാന കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏർപ്പെട്ടിരുന്ന പയ്യന്നൂർ സ്വദേശിനി നിഖില സി. (ബുള്ളറ്റ് ലേഡി)യെ ഇതേ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാർപ്പിച്ച്‌ അട്ടക്കുളങ്ങര വനിതാ ജയിലില്‍ തടവില്‍ തുടരുകയാണ്.

Previous Post Next Post