Zygo-Ad

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്വന്തം സ്കൂട്ടർ കത്തിച്ചു; ഉടമ പിടിയിൽ


പയ്യന്നൂർ: വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വന്തം സ്കൂട്ടറിന് തീയിട്ട യുവാവ് സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി. കോറോം കാനായി വള്ളിക്കെട്ടിൽ താമസിക്കുന്ന വ്യക്തിയാണ് സ്വന്തം വാഹനത്തിന് തീയിട്ടത്. 

ചൊവ്വാഴ്ച പുലർച്ചെ 12.30-ഓടെയാണ് സംഭവം. ഇന്ന് (ബുധൻ) രാവിലെ വാഹനം കത്തി നശിച്ച നിലയിൽ കണ്ടതിനെത്തുടർന്ന് വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പയ്യന്നൂർ എസ്.ഐ എൻ.കെ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. 

പോലീസിന് സംശയം തോന്നി സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ്, വാഹന ഉടമയായ യുവാവ് തന്നെ സ്കൂട്ടറിന് തീയിടുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

അടുത്ത കാലത്തായി പയ്യന്നൂർ മേഖലയിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ പതിവായത് പോലീസിനെ ഏറെ കുഴപ്പത്തിലാക്കിയിരുന്നു. ഇതിനിടെയാണ് കാനായിലെ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇതിലെ ദുരൂഹത നീങ്ങിയത്. സ്വന്തം വാഹനത്തിന് ഉടമ തന്നെയാണ് തീയിട്ടതെന്ന് വ്യക്തമായതിനാലും മറ്റ് പരാതിക്കാർ ഇല്ലാത്തതിനാലും പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Previous Post Next Post