കണ്ണൂർ: കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി.
പരിക്കേറ്റ ഉടൻ തന്നെ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നാണ് വിവരം. "സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്. കയറി വരുമ്പോള്‍ ഉന്തും തള്ളും ഉണ്ടായിരുന്നു," എന്നാണ് വീണ ജോർജ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. പിന്നാലെ മുഖ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യസ്ഥിതി തിരക്കി.
കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ കാണാനെത്തിയത്.
ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.
വന്ദേഭാരതില്‍ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.
