Zygo-Ad

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് കഴുത്തിനും കൈയ്ക്കും പരിക്ക്


കണ്ണൂർ: കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നടന്ന കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണാ ജോർജിന് പരിക്കേറ്റത്.

മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്ക്. മന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറും ഉണ്ടായിരുന്നു. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനു വേണ്ടി സ്റ്റേഷനില്‍ എത്തിയതായിരുന്നു മന്ത്രി. പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യ മേഖലയില്‍ തുടർച്ചയായി ആരോപിക്കപ്പെട്ട ചികിത്സാ പിഴവുകളെ ചൊല്ലിയായിരുന്നു കെഎസ്‌യു പ്രതിഷേധം.

അതേ സമയം, മന്ത്രിയെ സമരക്കാര്‍ കയ്യേറ്റം ചെയ്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മന്ത്രിയെ കയ്യേറ്റം ചെയ്തത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ആരോഗ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം ജനാധിപത്യ ഭൂഷണമല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അറിവോടു കൂടിയുള്ള ആക്രമണമാണ് നടന്നതെന്നും ഇത്തരം സമരങ്ങള്‍ കൊണ്ടൊന്നും എല്‍ഡിഎഫ് സർക്കാരിന്റെ ജനപിന്തുണയില്‍ ഇടിവ് വരില്ലെന്നും മന്ത്രി പറയുന്നു. 

സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകള്‍ക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് തിരിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വീണാ ജോർജിന് നേരെ നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ഇതൊരു രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച്‌ അക്രമിസംഘത്തെ അഴിച്ചു വിട്ട് മന്ത്രിക്കെതിരെ നടത്തിയ ആസൂത്രിതമായ ഗുണ്ടായിസമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ട്രെയിൻ കയറാൻ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോയ ഒരു വനിതാ മന്ത്രിക്കെതിരെ ഇത്തരത്തില്‍ കയ്യേറ്റം നടത്തുന്നത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസമാണ്. 

കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ അണികളെ കയറൂരി വിട്ട് നാട്ടിലെ സമാധാനം തകർക്കാമെന്നും കലാപം ഉണ്ടാക്കാമെന്നും മോഹിക്കേണ്ട. രാഷ്ട്രീയമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ വഴികളുണ്ട്. 

അതിനു പകരം കായികമായി നേരിടാനാണ് ഭാവമെങ്കില്‍, അത്തരം അക്രമങ്ങളെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ശക്തമായി തന്നെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകിട്ടാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്‌ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റത്. 

ഇന്ന് രാവിലെ മുതല്‍ ആരോഗ്യമന്ത്രി കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമടക്കം വലിയ പ്രതിഷേധമാണ് നടത്തിയത്. 

തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മന്ത്രി എത്തിയപ്പോഴാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും ചെയ്തു.

മന്ത്രി കടന്നു പോകുന്ന സമയത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എന്നാല്‍ മൂന്നാമത്തെ പ്ലാറ്റ്‍ഫോമില്‍ എത്തിയപ്പോള്‍ കഴുത്തിനും കൈക്കും വേദനയുണ്ടെന്ന് മന്ത്രി പറയുകയായിരുന്നു.

 ഈ സമയത്ത് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീറെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സ്പീക്കറാണ് ആരോഗ്യമന്ത്രിയോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശം നല്‍കിയത്.

Previous Post Next Post