Zygo-Ad

ആരോഗ്യ മന്ത്രി ഐസിയുവിൽ: കെഎസ്‌യു നടത്തിയ ആക്രമണം; വധശ്രമത്തിന് കേസ്, അഞ്ച് പേര്‍ അറസ്റ്റില്‍


കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തില്‍ വൻ പ്രതിഷേധ പ്രകടനവുമായി സിപിഎം.

മന്ത്രിയെ നിലവില്‍ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ആശുപത്രിയില്‍ സന്ദർശിച്ചു. പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റു.

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാല്‍ മന്ത്രിക്കു നേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്‌യു വാദം. 

പ്രാഥമിക അന്വേഷണത്തില്‍ പ്രവർത്തകർ മന്ത്രിയുടെ അടുത്തേയ്ക്ക് എത്തിയിട്ടില്ലയെന്നാണ് വ്യക്തമായതെന്നും മന്ത്രിയാണ് കെ. എസ്.യുകാർക്കു നേരെ ആക്രോശിച്ച്‌ ചെന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

കണ്ണൂരില്‍ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി നടത്തിയ പ്രതിഷേധത്തില്‍ വധശ്രമത്തിന് കേസെടുത്തു.

സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അറസ്റ്റിലായ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അടക്കം 5 പേരെ റെയില്‍വേ പൊലീസിന് കൈമാറും. 

അതിക്രമം നടന്നത് റെയില്‍വേ സ്റ്റേഷൻ അകത്ത് നിന്നായത് കൊണ്ടാണ് തീരുമാനം. അറസ്റ്റിലായ പ്രവർത്തകർ നിലവില്‍ കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ്. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമില്‍ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്ത‍ക‍ർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. 

മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പൊലീസ് പിടിച്ചു മാറ്റി. യൂത്ത് കോണ്‍ഗ്രസുകാർ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അൽപ്പ സമയം പ്ലാറ്റ്ഫോമില്‍ ഇരുന്നു. 

പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തില്‍ കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കള്‍ അറിയിക്കുന്നത്. കഴുത്തിന് ഗുരുതര പരിക്കുണ്ട്.

ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി കണ്ടു. കോണ്‍ഗ്രസിന്റെ ഹീനമായ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേ സമയം, പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തു പോലും എത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. തെറ്റുണ്ടെങ്കില്‍ പരിശോധിച്ച്‌ നടപടി എടുക്കും. ആക്രമണം നടന്നിട്ടില്ല, നടന്നെങ്കില്‍ അത് തെറ്റാണെന്നും വിഡി സതീശൻ പ്രതികരിച്ചു.

Previous Post Next Post