കണ്ണൂർ: ചെറുകുന്ന് വെള്ളറങ്ങലിൽ വീടിനകത്ത് അണലി കയറിയത് വലിയ പരിഭ്രാന്തി പരത്തി. വെള്ളറങ്ങലിലെ നിഹാലിന്റെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പിഞ്ചുകുട്ടികളടക്കം ഉറങ്ങിക്കിടന്ന കിടപ്പുമുറിയിലാണ് കൊടുംവിഷമുള്ള അണലി എത്തിയത്.
വീടിനകത്ത് നിന്ന് കേട്ട അസ്വാഭാവികമായ ചീറ്റൽ ശബ്ദമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ശബ്ദം കേട്ട് ഉണർന്ന നിഹാൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിക്കുള്ളിൽ അണലിയെ കണ്ടെത്തിയത്. പരിഭ്രാന്തനാകാതെ ഉടൻ തന്നെ തലയിണ ഉപയോഗിച്ച് പാമ്പ് പുറത്തേക്ക് പോകാത്ത വിധം നിഹാൽ തടയുകയായിരുന്നു.
തുടർന്ന് സർപ്പ വളണ്ടിയർ സുചീന്ദ്രൻ മൊട്ടമ്മലിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സുചീന്ദ്രൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റിയതോടെയാണ് കുടുംബത്തിന് ആശ്വാസമായത്. നിഹാലിന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു അപകടമാണ് ഒഴിവായത്.
