കണ്ണൂർ: സംസ്ഥാനത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന് പേരിട്ട പരിശോധനയിൽ കണ്ണൂർ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലുൾപ്പെടെ സംസ്ഥാനത്തെ 70 ഓഫീസുകളിലാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം റെയ്ഡ് നടന്നത്.
കൂത്തുപറമ്പ് സെക്ഷൻ ഓഫീസിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചു. ഒരു ഉദ്യോഗസ്ഥൻ മാത്രം 64,000 രൂപ ഇത്തരത്തിൽ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥന് സാധിച്ചിട്ടില്ല.
പ്രധാന കണ്ടെത്തലുകൾ:
* ടെണ്ടർ അട്ടിമറി: കരാർ ജോലികൾ നിശ്ചിത കരാറുകാർക്ക് മാത്രം ലഭിക്കാനായി ടെണ്ടർ നടപടികൾ പാലിക്കാതെ ക്രമക്കേട് നടത്തുന്നു.
* ബിൽ തട്ടിപ്പ്: പ്രവൃത്തികൾ കൃത്യമായി പരിശോധിക്കാതെ തന്നെ കരാറുകാർക്ക് ബിൽ മാറി പണം നൽകുന്നു.
* മീറ്റർ റീഡിംഗിലെ കൃത്രിമം: ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗിൽ മാറ്റം വരുത്തി അനധികൃത കിഴിവുകൾ നൽകുന്നു. മീറ്ററുകൾ മനഃപൂർവ്വം കേടുവരുത്തി മാറ്റുന്നതായും കണ്ടെത്തി.
* സാമ്പത്തിക നഷ്ടം: ഇത്തരം ക്രമക്കേടുകൾ വഴി കെ.എസ്.ഇ.ബിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
കണ്ണൂർ ജില്ലയിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇൻസ്പെക്ടർമാരായ സിജു കെ. നായർ (കണ്ണൂർ), സുനിൽകുമാർ (പാപ്പിനിശേരി), അനൂപ് (കൂത്തുപറമ്പ്), സജീവൻ (തലശേരി) എന്നിവർ വിവിധയിടങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. രാത്രി വൈകിയും തുടർന്ന പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്ത ശേഷം തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് വിജിലൻസ് അറിയിച്ചു.
