Zygo-Ad

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബേറ്




 കണ്ണൂർ : സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം പുകയുന്നു. കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടതിന് പിന്നാലെ, പ്രതിഷേധത്തിൽ പങ്കെടുത്ത കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി.

കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വടകര തോടന്നൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ആക്രമണമുണ്ടായത്. മുഖംമറച്ചെത്തിയ രണ്ടുപേർ ബോംബെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകരുകയും മുൻഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ ബിതുൽ ബാലൻ നിലവിൽ റിമാൻഡിലാണ്.

അതേസമയം, പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യു-വിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ഇന്ന് പുലർച്ചെ നാല് മണിയോടെ ഡിസ്ചാർജ് ആയി. രക്തസമ്മർദ്ദം സാധാരണ നിലയിലായതിനെത്തുടർന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശപ്രകാരമാണ് ഡിസ്ചാർജ് ചെയ്തത്. തിരുവനന്തപുരത്ത് തുടർചികിത്സ തേടാനാണ് മന്ത്രിയുടെ തീരുമാനം. മന്ത്രിയെ തടഞ്ഞ സംഭവത്തിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകർ ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

Previous Post Next Post