Zygo-Ad

മിണ്ടാപ്രാണികളോട് ക്രൂരത: 34 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; നാല് പേർക്കെതിരെ കേസ്

 


വളപട്ടണം: വളർത്തുമൃഗങ്ങളോടുള്ള ക്രൂരതയുടെ ഞെട്ടിക്കുന്ന വാർത്തയാണ് കണ്ണൂർ അഴിക്കോട് നിന്നും പുറത്തുവരുന്നത്. അക്രമ സംഭവത്തിനിടെ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി 34 വളർത്തു പ്രാവുകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പുന്നക്കപ്പാറ സ്വദേശികളായ നാല് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. എം. സച്ചിൻ, താഹിർ, വിഷ്ണു, വൈശാഖ് എന്നിവർക്കെതിരെയാണ് നടപടി.

അഴിക്കോട് മീൻകുന്ന് വലിയപറമ്പിലെ സി. ആര്യയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തുടങ്ങിയ അക്രമപരമ്പരയുടെ തുടർച്ചയായാണ് ഈ ക്രൂരത നടന്നത്. ആദ്യം പ്രതികൾ ആര്യയുടെ സഹോദരൻ അനുരാഗിനെയും സുഹൃത്ത് അനുവിന്ദിനെയും വീട്ടിൽ കയറി മർദ്ദിക്കുകയും പൂച്ചെട്ടികൾ കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ബുധനാഴ്ച പുലർച്ചെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ പ്രതികൾ പ്രാവുകളുടെ കൂട് തകർത്ത് ഉള്ളിലുണ്ടായിരുന്ന 34 പ്രാവുകളെയും അതിക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഏകദേശം 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇത്തരമൊരു ഹീനമായ പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Previous Post Next Post